തൃശൂർ: തൃശ്ശൂർ പെരുമ്പിലാവ് പാതാക്കരയിൽ കഞ്ചാവ് വിൽപന സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരന് നേരെ ആക്രമണം. കുന്നംകുളം സ്റ്റേഷനിലെ സിപിഒ അഹമ്മദിനാണ് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും സമാനമായ രീതിയിൽ കഞ്ചാവ് പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.
അതേ സമയം, കൊല്ലം കൊട്ടാരക്കരയിൽ നാല് കിലോ കഞ്ചാവുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. ഓടനവട്ടം സ്വദേശി വിശ്വനാഥനാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ പൊലീസ് ലഹരിവിരുദ്ധ സ്ക്വാഡ് കൊട്ടരാക്കര ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി കൊല്ലം ജില്ലയിലെ ചില്ലറ വിൽപ്പനക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നതിൽ പ്രധാനിയാണ് വിശ്വനാഥൻ. കൊലക്കേസിലും കഞ്ചാവ് കേസിലും ഇയാൾ നേരത്തെ പിടിയിലായിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകനെ എക്സൈസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ആഷിക്ക് പ്രതാപൻ നായരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഫെബ്രുവരിയിലാണ് ആയുർവേദ കോളജ് ജംഗ്ഷനിലുള്ള അഭിഭാഷകൻെറ കുടുബം സ്വത്തായി ലഭിച്ച വീട്ടിൽ നിന്നും 10 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കണ്ടെത്തിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തില്ല. സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു ബൈക്കിൽ രണ്ടുപേർ സ്ഥലത്ത് എത്തിയിരുന്നതായി കണ്ടെത്തി. ബൈക്കിൽ വന്ന തമിഴ്നാട് സ്വദേശി അരുണ്‍ അമുഖനെ എക്സൈസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സർക്കാർ സ്കൂളിലെ പ്യൂണായ അരുണ്‍ കോടതിയിൽ രഹസ്യമൊഴി നൽകി. ആഷിക്ക് പ്രതാപനുവേണ്ടിയാണ് കഞ്ചാവ് തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്നതെന്നായിരുന്നു മൊഴി. കൂട്ടുപ്രതിയായ പൂന്തുറ സ്വദേശി ഷംനാദിനെയും എക്സൈസ് അറസ്റ്റ് ചെയ്തു. ഷംനാദിൽ നിന്നാണ് അഭിഭാഷകൻെറ കഞ്ചാവ് കച്ചവടത്തെ കുറിച്ചുള്ള വിവരങ്ങല്‍ ലഭിച്ചത്.