മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിൽനിന്നു പണം തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാസംഘത്തിന്റെ വെളിപ്പെടുത്തൽ. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വെളിപ്പെടുത്തൽ ദേശീയ മാധ്യമമാണു പുറത്തുവിട്ടത്.
സിദ്ദു മൂസവാല വധത്തിൽ അറസ്റ്റിലായ സൗരഭ് മഹാകൽ ആണു പൊലീസിനോട് ഇക്കാര്യം പറഞ്ഞതെന്നാണു റിപ്പോർട്ട്. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‍ണോയ് സംഘമാണു കരൺ ജോഹറിനെ നോട്ടമിട്ടത്. ‘കരൺ ജോഹറിൽനിന്ന് 5 കോടി രൂപ തട്ടിയെടുക്കാൻ പദ്ധതിയിട്ടിരുന്നെന്നാണു മഹാകൽ അവകാശപ്പെട്ടത്. ചിലപ്പോൾ ഇയാൾ തെറ്റിദ്ധരിപ്പിക്കുന്നതുമാകാം’– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാകലിന്റെ അവകാശവാദം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നേരത്തേ, ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനു ഭീഷണി കത്തയച്ച സംഭവത്തിനു പിന്നിലും ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്നു മഹാകൽ പറഞ്ഞു. സൽമാനെ ലക്ഷ്യമിട്ടു നടന്റെ പിതാവ് സലീം ഖാന് കത്ത് കൈമാറിയതു രാജസ്ഥാനിൽ നിന്നുള്ളവരാണെന്നാണ് ഇയാൾ പറഞ്ഞത്. പൽഘറിലെ ഫാക്ടറിയിലാണ് ഇവർ ജോലി ചെയ്യുന്നതെന്നു മഹാകൽ പറഞ്ഞതനുസരിച്ചു പൊലീസ് അവിടെ എത്തി. എന്നാൽ ഇവരെ കണ്ടെത്താനായില്ല. ജ്വല്ലറി മോഷണക്കേസിൽ ഇവർ പിന്നീട് അറസ്റ്റിലായി.