മാന്നാർ: ചെന്നിത്തലയിൽ വീട്ടുടമയുടെ എ ടി എം കാർഡ് മോഷ്ടിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത വീട്ടു ജോലിക്കാരൻ അറസ്റ്റിൽ. പന്തളം പോയികോണത്ത് കൃഷ്ണ ഭവൻ വീട്ടിൽ രാജേഷ് നായരെ (42) യാണ് മാന്നാർ പോലീസ് പിടികൂടിയത്. ചെന്നിത്തല ഒരിപ്രം കൈമാട്ടിൽ രാധാകൃഷ്ണൻ തമ്പിയുടെ എസ് ബി ഐ ചെന്നിത്തല ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് രണ്ട് ലക്ഷത്തി എൺപത്തി അയ്യായിരം രൂപ തട്ടിയെടുത്തത്.
വിദേശത്ത് ജോലിയിലായിരുന്ന രാധാകൃഷ്ണൻ തമ്പി പക്ഷാഘാതം മൂലം സുഖമില്ലാതെ നാട്ടിൽ വന്ന് ഒറ്റക്ക് താമസിക്കുകയാണ്. സഹായത്തിനായിട്ടാണ് മാവേലിക്കരയിലുള്ള ഹോം നഴ്സിങ് ഏജൻസി വഴി ജോലിക്ക് വീട്ടിൽ ആളിനെ നിർത്തിയത്. 2021 ഓഗസ്റ്റ് മാസം മുതൽ രാജേഷ് നായർ ഈ വീട്ടിൽ ജോലി ചെയ്തു വരികയാണ്. സുഖമില്ലാത്തത് കാരണം വീട്ടിലെ ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് പണം എടുക്കാനും മറ്റ് ആവശ്യങ്ങൾക്കും എല്ലാം പോയിരുന്നത് ജോലിക്കാരനായ രാജേഷ് നായരായിരുന്നു. അങ്ങനെ എ ടി എം പിൻ നമ്പർ പ്രതിക്ക് അറിയാമായിരുന്നു.
കഴിഞ്ഞ ദിവസം ബാങ്ക് ആവശ്യത്തിനായി ബാങ്കിലെ ഇടപാടുകൾ പരിശോധിച്ചപ്പോളാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. 2022 ജൂൺ മൂന്ന് മുതൽ ജൂൺ പതിനേഴാം തീയതി വരെ യുള്ള ദിവസങ്ങളിൽ പല തവണയായിട്ടാണ് അക്കൗണ്ടിൽ നിന്ന് പണം പ്രതി എടുത്തിട്ടുള്ളത്. പണം നഷ്ടപെട്ടത് അറിഞ്ഞയുടൻ വീട്ടുടമ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മാന്നാർ പോലിസ് എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.