ബെംഗലൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ നിര്‍ണായക അഞ്ചാം മത്സരം മഴയില്‍ കുതിര്‍ന്നപ്പോള്‍ നിരാശരായത് ആരാധകരായിരുന്നു. പരമ്പര വിജയികളെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 28-2ല്‍ നില്‍ക്കെ നിര്‍ത്തിവെച്ച മത്സരം മഴമൂലം പിന്നീട് പുനരാരംഭിക്കാനായില്ല.
വിജയികള്‍ക്കുള്ള പേ ടിഎം ട്രോഫി ഇരു ടീമുകളും പങ്കിയുകയും ചെയ്തു. ഇതിനിടെ ഇന്നലെ മത്സരത്തിനിടെ ഇന്ത്യയുടെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന റുതുരാജ് ഗെയ്ക്‌വാദില്‍ നിന്ന് ഒരു ആരാധകന് നേരിട്ട മോശം അനുഭവം ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു. കനത്ത മഴ പെയ്യുമ്പോള്‍ സഹതാരങ്ങള്‍ക്കൊപ്പം ഡഗ് ഔട്ടിലിരിക്കുകകയായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്. ഈ സമയം ഗ്രൗണ്ട് സ്റ്റാഫിലൊരാള്‍ തന്‍റെ മൊബൈല്‍ ക്യാമറയുമായി റുതുരാജിന്‍റെ സമീപത്തിരുന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു.
തന്‍റെ ദേഹത്ത് ചാരിയിരുന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പെരുമാറ്റം ഇഷ്ടപ്പെടാതിരുന്ന റുതുരാജ് ആരാധകനെ കൈ കൊണ്ട് തള്ളുകയും സെല്‍ഫിക്ക് മുഖം കൊടുക്കാതിരിക്കുകയും ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിരുന്ന് സെല്‍ഫി എടുക്കും മുമ്പ് ആരാധകന്‍ റുതുരാജിനോട് അനുവാദം ചോദിച്ചിരുന്നോ എന്നത് വ്യക്തമല്ലെങ്കിലും ഇന്ത്യയുടെ ഭാവി താരത്തില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റമല്ല പ്രതീക്ഷിക്കുന്നതെന്നാണ് ആരാധകരുടെ നിലപാട്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിച്ച റുതുരാജിന് ഒരു അര്‍ധസെഞ്ചുറി മാത്രമെ നേടാനായിരുന്നുള്ളു.