കൊച്ചി : നഗരത്തിൽ ആഘോഷിച്ചു നടക്കാൻ ബൈക്കു മോഷണം നടത്തിയിരുന്ന വിദ്യാർഥികൾ പിടിയിൽ. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച, പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികളെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
സ്റ്റേഷൻ പരിധിയിലെ പായിപ്ര മണ്ടൻകവല, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളിൽ നിന്നായി മോഷണം നടത്തിയിരുന്നതായി ഇവർ സമ്മതിച്ചു. നഗരത്തിലെ പ്രമുഖ സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന ഇവർ ആഡംബര ജീവിതം നയിക്കുന്നവരാണെന്നു കണ്ടെത്തി.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അഞ്ച് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. ബൈക്കിൽ രാത്രി കറങ്ങിനടന്ന്, ആളില്ലാത്ത സ്ഥലങ്ങളിൽനിന്നും റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ വളരെ വിദഗ്ധമായി ലോക്ക് പൊളിച്ച് എടുത്തുകൊണ്ടുവന്ന് നമ്പർ പ്ലേറ്റ് ഊരി മാറ്റിയാണ് ഉപയോഗിച്ചിരുന്നത്.
ഇങ്ങനെ കൊണ്ടുവരുന്ന വാഹനങ്ങൾ ഇവർ ഉപയോഗിക്കുന്നതിന് വേണ്ടി പല സ്ഥലങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഇവർ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുവാറ്റുപുഴ ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ്, പൊലീസ് ഇൻസ്‌പെക്ടർ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.