ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് ഡല്‍ഹി ഇഡി ഓഫിസിലേക്കുള്ള കോൺഗ്രസിന്റെ മാര്‍ച്ച് തടഞ്ഞ് പൊലീസ്. കോൺഗ്രസ് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിലേക്ക് വലിച്ചിഴച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ മുകളിൽ കയറിയും പ്രതിഷേധിച്ചു.
മാർച്ചിനു മുന്നോടിയായി എഐസിസി ഓഫിസിനു മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് തള്ളിമാറ്റിയും മുകളിലൂടെ കടന്നും മാര്‍ച്ച് തുടരാന്‍ നീക്കം നടത്തി. ബാരിക്കേഡ് കടന്നുവരുന്നവരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. പൊലീസുമായി ഉന്തുംതള്ളും ഉണ്ടായി. പൊലീസ് അതിക്രമമാണ് നടന്നതെന്നു ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
നാഷനൽ ഹെറൾഡ് ദിനപ്പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ചാം വട്ട ചോദ്യം ചെയ്യലിനു രാഹുൽ ഗാന്ധി ചൊവ്വാഴ്ച ഇഡി ഓഫിസിൽ ഹാജരായിരുന്നു. ഇതുവരെ 40 മണിക്കൂറിലേറെ ചോദ്യം ചെയ്ത രാഹുലിനെ, ഇന്നു വീണ്ടും വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ അകാരണമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. ഇഡി നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ എഐസിസി ആസ്ഥാനത്ത് സത്യഗ്രഹ സമരം നടത്തുന്നുണ്ട്.