തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയിൽ ആരോഗ്യ വകുപ്പ് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുകയാണ്. നടപടികൾക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനകൾ പ്രതിഷേധിക്കുമ്പോൾ നിലപാടിൽ മാറ്റമില്ലെന്നാവര്‍ത്തിക്കുകയാണ് ആരോഗ്യ വകുപ്പ്.
അതിനിടെ കൊച്ചിയിൽ നിന്നെത്തിച്ച വ്യക്കയടങ്ങുന്ന പെട്ടി ആംബുലൻസിൽ നിന്നും എടുത്തവർക്ക് എതിരെ മെഡിക്കൽ കോളേജ് അധികൃതര്‍ പൊലീസിന് പരാതി നൽകി. ഡോക്ടർമാർ വരും മുൻപ് വൃക്ക അടങ്ങിയ പെട്ടി എടുത്തുകൊണ്ടു പോയെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ എന്നിവര്‍ നൽകിയ പരാതിയിൽ പറയുന്നത്. അടഞ്ഞുകിടന്ന ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ പെട്ടിയെടുത്തവര്‍ അപമര്യാദയായി പെരുമാറി. ആശുപത്രിക്കെതിരെ മോശം പ്രചാരണം നടത്തി എന്നിങ്ങനെയാണ് പരാതിയിലെ ആരോപണം.
ഗുരുതരാവസ്ഥയിലുള്ള രോഗിക്കായി എത്തിച്ച വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നേരത്തെ ആംബുലൻസ് സഹായി അരുൺദേവ് വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ നിന്നും വൃക്കയുമായി ആംബുലൻസെത്തുമ്പോൾ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ലെന്നും, ഇതിനാലാണ് വൃക്കയടങ്ങിയ പെട്ടി തങ്ങൾ എടുത്തതെന്നുമാണ് അരുൺദേവ് വിശദീകരിച്ചത്.
”ഒരു ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്. അതല്ലാതെ എനിക്കിതിൽ വേറെ ദുരുദ്ദേശം ഒന്നുമില്ലായിരുന്നു. ആംബുലൻസ് എത്തിയപ്പോൾ സെക്യൂരിറ്റി പോലും മിഷൻ അറിഞ്ഞിരുന്നില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷൻ ഒരുപക്ഷേ പ്രതീക്ഷിച്ചതിലും നേരത്തേ വന്നിരിക്കാം. മിഷനിൽ കൂടെ പോയ ഡ്രൈവർമാരും ഡോക്ടർമാരും ഭക്ഷണം പോലും കഴിച്ചിരുന്നില്ല. അവർ അവശരായിരുന്നു” എന്ന് അരുൺ ദേവ് പറയുന്നു. വൃക്ക മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ പെട്ടിയെടുത്ത് ഓടിയത് അരുൺ ദേവായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ദൗത്യം കോർഡിനേറ്റ് ചെയ്തത് അരുൺ ദേവാണ്.