മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവിസിന്റെ ട്വീറ്റ്. എന്നാൽ ഉടൻ തന്നെ അവർ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഹിന്ദിയിൽ “ഏക് ‘ഥാ’ കപതി രാജ… (ഒരിക്കൽ ഒരു ദുഷ്ടനായ രാജാവുണ്ടായിരുന്നു) എന്നായിരുന്നു അമൃതയുടെ ട്വീറ്റ്. ഇതിൽ താ എന്ന അക്ഷരത്തിന് ഉദ്ധരണി ചിഹ്നവും നൽകി.
മഹാരാഷ്ട്ര സർക്കാറിനെ പ്രതിസന്ധിയിലാക്കി മന്ത്രി ഏക്‌നാഥ് ഷിൻഡെയും ശിവസേനയുടെ 21 എംഎൽഎമാരും സംസ്ഥാനം വിട്ടതോടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കമായത്. ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് വിമതരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിനം വിമത നേതാവായ ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി 10 മിനിറ്റ് ഫോണിൽ സംസാരിച്ചെങ്കിലും പ്രത്യേക കാര്യമൊന്നുമുണ്ടായില്ല. തങ്ങളുടെ ആവശ്യത്തിൽ വിമതർ ഉറച്ചുനിൽക്കുകയാണെന്നാണ് സൂചന. പ്രതിസന്ധി രൂക്ഷമായിരിക്കെ മഹാരാഷ്ട്രയിൽ അവസരം മുതലെടുക്കണമെന്നാണ് ദേശീയ നേതൃത്വം ബിജെപിക്ക് നിർദേശം നൽകിയത്.
ബിജെപിയുമായുള്ള സഖ്യം പുനഃസ്ഥാപിച്ച് സംസ്ഥാനത്ത് ഭരണം തുടരണമെന്ന് ശിവസേനയോട് മുഖ്യമന്ത്രിയുമായി നടത്തിയ ഫോൺ കോളിൽ ഷിൻഡെ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കാനും മടങ്ങാനും താക്കറെ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ഷിൻഡെ ചെവിക്കൊണ്ടില്ല.
താൻ ഇതുവരെ തീരുമാനമൊന്നും എടുക്കുകയോ ഒരു രേഖയിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും പാർട്ടിയുടെ ഉന്നമനത്തിനായാണ് താൻ ഈ നടപടി സ്വീകരിച്ചതെന്നും ഷിൻഡെ പറഞ്ഞു. ഷിൻഡെയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ പാർട്ടി തയ്യാറാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപി മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.