കണ്ണൂർ: കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം.പിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ട്. പാർട്ടി എം.പിമാരെല്ലാം പാർട്ടിക്ക് വഴിപ്പെടണം. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ വെള്ളം ചേർത്തത് തെറ്റാണെന്നാണ് ഇപ്പോൾ പാർട്ടിക്ക് മനസ്സിലാവുന്നതെന്നും സുധാകരൻ തുറന്നുപറഞ്ഞു. എസ്.ഡി.പി.ഐ അടക്കമുള്ള തിവ്രസംഘടനകളുമായി ചേർന്നാണ് പിണറായി വിജയന്‍റെ ഇടതുപക്ഷം ഭരണം നടത്തുന്നത്. തൊഴിലാളി വർഗ സർവാധിപത്യ സംഘടനയായ സി.പി.എം കാണാത്ത മതമേലധ്യക്ഷൻമാരുണ്ടോ ഇവിടെയെന്നും സുധാകരൻ ചോദിച്ചു. കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ തരൂർ ഒപ്പുവെക്കാതിരുന്നത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു.
കെ-റെയിൽ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് എടുക്കാനാകില്ലെന്നും അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് കത്തിൽ താൻ ഒപ്പുവെക്കാതിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു. കത്തിൽ ഒപ്പുവെച്ചില്ലായെന്നതിന്‍റെ അർഥം താൻ കെ-റെയിലിനെ പിന്തുണക്കുന്നുവെന്നല്ല. കെ-റെയിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാരിസ്ഥിതിക ആഘാതം, സാമ്പത്തിക പ്രായോഗിതക, ജനങ്ങളുടെ ആശങ്കകൾ തുടങ്ങിയവ. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാറും ജനപ്രതിനിധികളും വിദഗ്ധരും ഉൾപ്പെടുന്ന ഒരു ഫോറം രൂപീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുക. അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജാനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ല. ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്നത് അംഗീകരിക്കാനാകില്ല. ബിജെപി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യുഡിഎഫിനും എൽഡിഎഫിനും ഇതു തന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. ചർച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന ശിലകളെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.