തിരുവനന്തപുരം : ക്രൈം ചീഫ് എഡിറ്റര്‍ നന്ദകുമാറിനെതിരെയുള്ള പകപോക്കല്‍ നടപടിയില്‍ ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി മാധ്യമപ്രവര്‍ത്തകരുടെ വായ അടപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. പോലീസും കേസും ഒക്കെ ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ ജോലിയില്‍ ഏര്‍പ്പെടുന്നത്. കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചാല്‍ അവസാനിക്കുന്നതല്ല മാധ്യമ പ്രവര്‍ത്തനമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ് എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി അനൂപ് വീപ്പനാടന്‍ (മംഗളം ന്യൂസ്), സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24) എന്നിവര്‍ പറഞ്ഞു.
സമൂഹത്തിലെ തെറ്റും ശരിയും ആരുടേയും മുമ്പില്‍ തലകുനിക്കാതെ പുറത്ത് കൊണ്ടുവരുന്നത് ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. നല്‍കിയ വാര്‍ത്തയില്‍ തെറ്റോ കുറ്റമോ പരാതിയോ ഉണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് നിയമ നടപടിയിലൂടെയാണ്. ഗുണ്ടായിസത്തിലൂടെയോ പോലീസിനെ ഉപയോഗിച്ചോ അതിനെ നേരിടുന്നത് ഭീരുത്വമാണ്. നന്ദകുമാറിനെതിരെ പരാതി നല്‍കിയത് നിരവധികേസുകളില്‍ പ്രതിയായ ഒരു യുവതിയാണ്. പരാതി നല്‍കുന്നത് സ്ത്രീകളാണെങ്കില്‍ ആരെയും കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യുന്ന പ്രവണത കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. വ്യക്തി വിരോധം തീര്‍ക്കുവാനും പ്രതികാരത്തിനുവേണ്ടിയും സ്ത്രീകളെ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മൂടിവെക്കുന്ന വാര്‍ത്തകളാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ആരുടേയും മുഖംനോക്കാതെ പുറത്തുവിടുന്നത്. വ്യക്തമായ തെളിവുകളോടെയാണ് വാര്‍ത്തകള്‍ നല്‍കുന്നത്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭീഷണിയിലൂടെ വരുതിയിലാക്കുവാനാണ് ശ്രമമെങ്കില്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.