മുംബൈ : ഏക്നാഥ് ഷിൻഡെയുടെ അനുനായികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന ആരോപണവുമായി ഒസ്മാനാബാദ് ശിവസേന എംഎൽഎ കൈലാസ് പാട്ടീൽ. ‘ഷിൻഡെയുടെ അനുനായികൾ എന്നെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഗുജറാത്തിലേക്കു കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടത്. ഇവരുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞു. അതുകൊണ്ട് ഇടയ്ക്കുവച്ചു രക്ഷപ്പെടാൻ സാധിച്ചു’-കൈലാസ് പാട്ടീൽ പറഞ്ഞു.
‘തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. വിധാൻ പരിഷത്ത് തിരഞ്ഞെടുപ്പിനുശേഷം ഞാനുമായി ഡിന്നർ കഴിക്കാൻ ഏക്‌നാഥ് ഷിൻഡെ താൽപര്യപ്പെട്ടിരുന്നു. അദ്ദേഹത്തെ കാണാം എന്ന ധാരണയിലാണ് ഷിൻഡെയുടെ ആൾക്കാർക്കൊപ്പം ഞാൻ പോയത്. എന്നാൽ താനെയുടെ സമീപം ആയപ്പോൾ എനിക്കെന്തോ പന്തികേടു തോന്നി. മൂത്രമൊഴിക്കണമെന്ന ആവശ്യം പറഞ്ഞു കാറിൽനിന്നും ഇറങ്ങി രക്ഷപെട്ടു.
രാത്രിയിൽ ഗുജറാത്ത്-മഹാരാഷ്ട്ര അതിർത്തിയിൽനിന്ന് മുംബൈയിലേക്കു നടന്നു. ഇടയ്ക്കുവച്ച് ഒരു ലിഫ്റ്റു കിട്ടി. ചൊവ്വാഴ്ച്ച പുലർച്ചെ മുംബൈയിലെത്തി. സേന നേതാക്കന്മാരെ വിവരമറിയിച്ചു’-അദ്ദേഹം കൂട്ടിച്ചേർത്തു. ശിവസേന ടിക്കറ്റിൽ ആദ്യ തവണ മത്സരിച്ചപ്പോൾ വിജയം കൈലാസ് പാട്ടീലിന്റെ കൂടെനിന്നു. സേനയെ പ്രതിസന്ധിഘട്ടത്തിൽ സഹായിച്ചതിന് പ്രത്യുപകാരമായി പാട്ടീലിന് ജില്ലാ മേധാവി സ്ഥാനം നൽകിയിരുന്നു.