റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി. ഹ്രസ്വ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെത്തിയ സൗദി കീരീടാവകാശിയെ സിവിലിയന്‍ ബഹുമതിയായ ഹുസൈന്‍ ബിന്‍ അലി മാല അണിയിച്ചാണ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആദരിച്ചത്.
ജോര്‍ദാനിലെ പരമോന്നത ബഹുമതികളില്‍ ഒന്നാണ് ഹുസൈന്‍ ബിന്‍ അലി മാല. 2017ല്‍ സല്‍മാന്‍ രാജാവിനും ഈ ബഹുമതി നല്‍കി ജോര്‍ദാന്‍ രാജാവ് ആദരിച്ചിരുന്നു. ജോര്‍ദാന്‍ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കുമാണ് ഈ ബഹുമതി നല്‍കാറുള്ളത്. വിദേശപര്യടനത്തിന് പുറപ്പെട്ട അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ചയാണ് ഈജിപ്തില്‍ നിന്ന് ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് കിരീടാവകാശിയെ സ്വീകരിച്ചത്.