തിരുവനന്തപുരം: സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം രൂക്ഷമാകുന്നു. സ്പിരിറ്റിനു വില കൂടിയതും എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന നിർദേശത്തിന്റെ പേരിൽ വിതരണക്കാർ ആവശ്യത്തിനു മദ്യം എത്തിക്കാത്തതുമാണ് പ്രതിസന്ധിയ്ക്കിടയാക്കുന്നത്. സംസ്ഥാനത്ത് മദ്യദുരന്തമുണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എക്സൈസ് മുന്നറിയിപ്പു നൽകിയിട്ടും പ്രശ്ന പരിഹാരത്തിനു സർക്കാർ ശ്രമം നടത്തുന്നില്ല. വില കുറഞ്ഞ മദ്യം കിട്ടാതായതോടെ ഷോപ്പുകളില്‍ ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കവും പതിവായി.
സ്പിരിറ്റിനു (ഇഎൻഎ) വില വർധിച്ചതോടെ മദ്യക്കമ്പനികൾ ഉൽപാദനം കുറച്ചതാണ് പ്രതിസന്ധിക്കു കാരണം. സ്പിരിറ്റിനു ലീറ്ററിനു 15 രൂപയിലധികം വർധനവുണ്ടായതോടെയാണ് ചെറിയ കമ്പനികൾ പ്രതിസന്ധിയിലായത്. മദ്യവില വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് കമ്പനികൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്നത്. സ്പിരിറ്റിന്റെ വരവു കുറഞ്ഞതോടെ ചെറിയ കമ്പനികൾ ഉൽപാദനം കുത്തനെ കുറച്ചു. ജനപ്രിയ ബ്രാൻഡുകൾ കിട്ടാതായതോടെ ഷോപ്പുകളിൽ ഉപഭോക്താക്കൾ പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ള കമ്പനികളുടെ മദ്യം എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് ബവ്റിജസ് കോർപറേഷൻ ശ്രമിക്കുന്നത്.
എന്നാൽ, ആവശ്യത്തിന് സ്റ്റോക്ക് എത്തിക്കാനാകാത്ത സാഹചര്യമാണ്. സ്പിരിറ്റിനു വില കൂടിയതിനാൽ ജവാൻ റമ്മിന്റെ വില വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് സർക്കാരിനു കത്തു നൽകി. 10 ശതമാനം വില വർധനവാണ് ആവശ്യം. ഇപ്പോൾ ഒരു ലീറ്റർ മദ്യത്തിന് 600 രൂപയാണ് വില.മദ്യവില വർധിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. എക്സൈസ് നികുതി മുൻകൂട്ടി അടയ്ക്കണമെന്ന നിർദേശം നടപ്പിലാക്കാൻ ഈ മാസം അവസാനംവരെ സമയം നൽകിയിട്ടുണ്ട്. അതിനു മുൻപായി കമ്പനികൾ കൂടുതൽ മദ്യം എത്തിക്കുമെന്ന പ്രതീക്ഷയാണ് ബവ്കോയ്ക്കുള്ളത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ മദ്യം എത്തിക്കാൻ നടപടികൾ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ, കോർപറേഷന്റെ തെറ്റായ നടപടികളാണ് ഈ സാഹചര്യത്തിലേക്കു നയിച്ചതെന്ന് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ കുറ്റപ്പെടുത്തുന്നു. ബാറുകൾക്ക് കൂടുതൽ മദ്യം നൽകുന്നതായും ബവ്റിജസ് ഷോപ്പുകൾക്ക് ആവശ്യത്തിന് മദ്യം കിട്ടാത്തതിനാൽ വനിതാ ജീവനക്കാർ അടക്കം പ്രതിഷേധത്തിന് ഇരയാകുന്നതായും തൊഴിലാളി യൂണിയനുകൾ പറയുന്നു.