കൊച്ചി: ലക്ഷദ്വീപിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ച ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നിരോധന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. 24ന് കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ എൽ.എസ്.എ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തരവ് കത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ജനാധിപത്യവിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കുമെന്നും അവർ വ്യക്തമാക്കി.
വിദ്യാർഥി സമരങ്ങൾ നിരോധിച്ച് തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രകടനങ്ങൾ, ധർണ എന്നിവയും നിരോധിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കും കലാലയങ്ങളിലെ അടിസ്ഥാന സൗകര്യ അപര്യാപ്തതക്കുമെതിരെ ഉയരുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് ഉത്തരവെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയടക്കമുള്ള പ്രശ്നങ്ങളിൽ വിദ്യാർഥികൾ സമരവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, സമരങ്ങൾ പഠനത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ഉത്തരവെന്ന് ലക്ഷദ്വീപ് ഭരണകൂടം വിശദീകരിക്കുന്നു.