ദില്ലി : ഉപഭോക്തൃ സുരക്ഷ കണക്കിലെടുത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ നിയമങ്ങൾ ജൂലൈ 1 മുതൽ നിലവിൽ വരും. പുതിയ നിയമങ്ങൾ പ്രകാരം കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾ പണമടയ്ക്കുമ്പോൾ വ്യാപാരികൾക്ക് അവരുടെ സെർവറുകളിൽ ഉപഭോക്തൃ കാർഡ് ഡാറ്റ സംഭരിക്കാൻ സാധിക്കില്ല.
സുരക്ഷിതമായ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി, ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുമ്പോൾ കാർഡ്-ഓൺ-ഫയൽ ടോക്കണുകൾ സ്വീകരിക്കുന്നത് ആർബിഐ നിർബന്ധമാക്കിയിരുന്നു. ഈ ടോക്കണുകൾ ഉപഭോക്തൃ വിശദാംശങ്ങൾ വെളിപ്പെടുത്താതെ പണമടയ്ക്കാൻ അനുവദിക്കും. യഥാർത്ഥ കാർഡ് ഡാറ്റയ്ക്ക് പകരം എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ ടോക്കൺ ആണ് നൽകേണ്ടത്.
ഇ–കൊമേഴ്സ് വെബ്സൈറ്റുകളും മറ്റും ഉപഭോക്താക്കൾ ഓൺലൈൻ പേയ്മെന്റ് നടത്തുമ്പോൾ സൂക്ഷിച്ചുവയ്ക്കുന്ന കാർഡ് വിവരങ്ങൾ പിന്നീട് ചോരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നിയന്ത്രണം. ഒരേ കാർഡിന് ഓരോ വെബ്സൈറ്റിലും പല ടോക്കണുകളായിരിക്കും ഉണ്ടാകുക. അതിനാൽത്തന്നെ ഏതെങ്കിലും ഒരു സൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നാലും അപകടസാധ്യതയില്ല. ആഭ്യന്തര ഓൺലൈൻ ഇടപാടുകൾക്ക് മാത്രമേ ടോക്കണൈസേഷൻ ബാധകമാകൂ. മാത്രമല്ല ടോക്കണൈസേഷൻ സംവിധാനം പൂർണ്ണമായും സൗജന്യമാണ്.