ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിളിച്ച അവലോകന യോഗം ഇന്ന് വൈകീട്ട്.ചേരും പ്രതിദിന രോഗികളുടെ എണ്ണം പതിമൂവായിരം കടന്നതോടെ ജാഗ്രത കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവര്‍ത്തിച്ചു.
13,313 പേർക്കാണ് രാജ്യത്തെ ഒരു ദിവസത്തിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 12,249 ആയിരുന്നു. പ്രതിദിന കണക്കിൽ വർധന ഉണ്ടായെങ്കിലും പൊസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവത്തെക്കാൾ കുറഞ്ഞു. 2.03 ശതമാനമാണ് പുതിയ ടിപിആർ.60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. പ്രധാന നഗരങ്ങളിൽ എല്ലാം പ്രതിവാര കണക്കിൽ വർധനയുണ്ടായി.
ദില്ലിയിൽ 928ഉം, മുംബൈയിൽ 1648 ഉം, ചെന്നൈയിൽ 345 ഉം, ബെംഗളൂരുയിൽ 676 ഉം എന്നിങ്ങനെയാണ് നഗരങ്ങളിലെ പ്രതിദിന കോവിഡ് നിരക്ക്. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമെ ദില്ലി, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലെ രോഗവ്യാപന തോത് കൂടിയത് കേന്ദ്രത്തിന് ആശങ്കയാവുകയാണ്.
ഈ പശ്ചാത്തലത്തിൽ ആണ് ആരോഗ്യ മന്ത്രി ഇന്ന് കോവിഡ് വിദഗ്ധ സംഘത്തിന്റെ യോഗം വിളിച്ചത് . വൈകീട്ട് ആരോഗ്യ മന്ത്രാലയത്തിലാണ് യോഗം. കഴിഞ്ഞ 13ന് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി സാഹചര്യം അവലോകനം ചെയ്തിരുന്നു . കോവിഡ് മാനദ്ണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്നുറപ്പാക്കാൻ അന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.