ദില്ലി: പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചർച്ച ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തി. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു.
അതേ സമയം, സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്ത് നല്‍കി. ബഫര്‍ സോണില്‍ നിന്ന് കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു. 30 ശതമാനത്തില്‍ അധികം വനമേഖലയുള്ള കേരളത്തിലെ കര്‍ഷകരെയാണ് ബഫര്‍ സോണ്‍ നിര്‍ണയം ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട് ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തി. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്.