തുമ്പ: പിടികിട്ടാപ്പുള്ളി ജെറ്റ് സന്തോഷ് പിടിയിൽ. റിട്ടയേഡ് എഎസ്ഐയുടെ കൊലപാതകം അടക്കം നിരവധി ക്രമിമിനൽ കേസുകളിൽ പ്രതിയാണ്. പള്ളിത്തുറയിലെ വീട്ടിൽ നിന്ന് തുന്പ പൊലീസാണ് സന്തോഷിനെ പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് ഒരു തോക്കും പിടിച്ചെടുത്തു. പുലർച്ചെ രണ്ടുമണിയോടെയാണ് പിടികിട്ടാപ്പുള്ളി സന്തോഷിനെ പൊലീസ് സംഘം അതി സാഹസികമായി പിടികൂടിയത്.
പള്ളിത്തുറയിലെ വീട് മുപ്പതോളം പോലീസുകാർ വളഞ്ഞത് മനസ്സിലാക്കിയ സന്തോഷ് മൂന്നാം നിലയിൽ നിന്ന് തെങ്ങിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ നീക്കം പരാജയപ്പെട്ടതോടെ പൊലീസിനെ തോക്കിൻ മുനയിൽ നിർത്തി രക്ഷപ്പെടാനായി ശ്രമം. എന്നാൽ ഏറെ നേരത്തെ ബല പ്രയോഗത്തിലൂടെ ജെറ്റ് സന്തോഷിനെ കീഴടക്കി. തെങ്ങിൽ കയറിയും തോക്ക് ചൂണ്ടിയും രക്ഷപ്പെടാൻ ശ്രമിച്ച സന്തോഷിനെ അതി സഹസികമായാണ് പൊലീസ് കീഴടക്കിയത്.
ഇതിനിടെ നെറ്റിയിൽ തൊക്കുകൊണ്ടുള്ള ഇടിയേറ്റ് ഒരു പൊലീസുകാരന് പരിക്കേറ്റു. ജാമ്യത്തിലിറങ്ങി രക്ഷപ്പെടുന്നത് പതിവാക്കിയ സന്തോഷ് ഇതിനു മുന്പ് രണ്ട് തവണയാണ് പൊലീസിനെ തോക്കിൻ മുനയിൽ നിർത്തി രക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ജെറ്റ് സന്തോഷ്. കുപ്രസിദ്ധ ഗുണ്ടയായിരുന്ന എൽടിടി കബീറിൻ്റെ അനുയായിയായിരുന്ന സന്തോഷ്, 1998 ൽ ചെമ്പഴന്തിയിൽ റിട്ടയേഡ് എ എസ് ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.