ദോഹ : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നവംബര്‍ 15 മുതല്‍ നിരോധിക്കും. ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്കേജിങ്, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 2022 നവംബര്‍ 15 മുതല്‍ ഇത് നടപ്പിലാകും.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകള്‍, ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. അനുവദനീയമായ നിലവാരം പുലര്‍ത്തുന്നവ ആവണം ഇവ. പലതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ ഇത് പുനരുപയോഗിക്കാന്‍ പറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന ചിഹ്നം പതിക്കണം. 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ഫ്‌ലേക്ക് അല്ലെങ്കില്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍. 40-60 മൈക്രോണിന് ഇടയില്‍ കനമുള്ള പ്ലാസ്റ്റിക് ഫ്‌ലേക്ക്, ഫാബ്രിക് എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ബാഗുകള്‍ പലതവണ ഉപയോഗിക്കാവുന്നതാണ്.