കൊച്ചി : ആരോഗ്യ രംഗത്തെ സ്റ്റാർട്ട് അപ്പുകൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നൂതന സാങ്കേതിക വിദ്യാകളുടെ സാധ്യത ആരോഗ്യ രംഗത്ത് പ്രയോജനപെടുത്തണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാ വർഷവും ഹെൽത്ത് ടെക് ഉച്ചകോടി നടത്താൻ ശ്രമിക്കുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച ഹെൽത് ടെക് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ്.
ഇന്ത്യയില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് നയം സ്വീകരിക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നും രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നുമാണ് കേരളം. വിവിധ തരം ഫണ്ടിങ് സമ്പ്രദായം മുതല്‍ അതിനൂതന സാങ്കേതിക സംവിധാനങ്ങള്‍ വരെ ഒരുക്കി നല്‍കി സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് കരുത്ത് പകരാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു. ഇന്ന് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിനും പിന്തുടരാന്‍ കഴിയുന്ന മികച്ച മാതൃകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനെന്നും മന്ത്രി പറഞ്ഞു. ഈ ഉച്ചകോടിയില്‍ സംസ്ഥാനത്തെ ആദ്യ ഹെല്‍ത്ത്ടെക് ആക്സിലറേറ്ററിന്‍റെ പ്രഖ്യാപനവും ഉണ്ടായി.
ആരോഗ്യ സാങ്കേതികമേഖലയിലെ പുത്തന്‍ പ്രവണതകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സംസ്ഥാന ആരോഗ്യവകുപ്പ്, കാരിത്താസ് ഹോസ്പിറ്റല്‍ എന്നിവ സംയുക്തമായി ആണ് ഹെല്‍ത്ത്ടെക് ഉച്ചകോടി സംഘടിപ്പിച്ചത് .
ഫിന്‍ടെക് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ച കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയാണ് ഹെല്‍ത്ത്ടെക്കെന്ന് മന്ത്രി പറഞ്ഞു. മികച്ച ആരോഗ്യപരിപാലന സംവിധാനമുള്ള കേരളത്തില്‍ ഇതിന്‍റെ സാധ്യതകള്‍ വളരെ വലുതാണെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഐടി, ഇ-ഹെല്‍ത്ത് കേരള, ടിഐ മെഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു