മുംബൈ : വിരമിച്ച് പൈലറ്റുമാരോട് അഞ്ച് വർഷത്തെ കരാറിൽ വീണ്ടും ജോലിക്ക് ചേരാൻ ആവശ്യപ്പെട്ട് എയർ ഇന്ത്യ കമ്പനി. 300 ഓളം പുതിയ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. കമ്മാന്റർമാരായി വിരമിച്ച പൈലറ്റുമാരെ തിരികെയെടുക്കാനാണ് കമ്പനിയുടെ ശ്രമം. തങ്ങളുടെ ജീവനക്കാർക്ക് വിആർഎസ് പ്രഖ്യാപിച്ച ശേഷമാണ് വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഈ തീരുമാനം. ക്യാബിൻ ക്രൂവിനടക്കം സ്വയം വിരമിക്കാനുള്ള ഓപ്ഷൻ കമ്പനി നൽകിയിരുന്നു.
വിമാനക്കമ്പനിയെ സംബന്ധിച്ച് ഏറ്റവും വേതനം നൽകേണ്ട വിഭാഗമാണ് പൈലറ്റുമാർ. വിമാനം പറത്തി പരിചയമുള്ളവരുടെ കുറവും ഒരു വെല്ലുവിളിയാണ്. 65 വയസുവരെ ജോലി ചെയ്യാമെന്നാണ് വിരമിച്ചവർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം. എയർ ഇന്ത്യയിൽ പൈലറ്റുമാരുടെയും വിമാന ജീവനക്കാരുടെയും വിരമിക്കൽ പ്രായം 58 ആണ്. അതേസമയം മറ്റ് സ്വകാര്യ വിമാനക്കമ്പനികളിൽ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 65 വയസാണ്. ഈ വർഷം ജനുവരി 27നാണ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ ഏറ്റെടുത്തത്.