പുതിയ മിഡ് സൈസ് സെഡാനായ സ്ലാവിയയുടെ ലോഞ്ച് 2022 മാര്‍ച്ചില്‍ നടക്കുമെന്ന് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ മുഖം മിനുക്കി തിരിച്ചുവരാന്‍ സാധ്യതയില്ലാത്ത റാപ്പിഡിന് പകരക്കാരനായാണ് സ്‌കോഡ സ്ലാവിയ എത്തുന്നത്. ഒക്ടാവിയയും സൂപ്പര്‍ബും ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ നിരയിലേക്കാണ് സ്ളാവിയയെ സ്‌കോഡ ചേര്‍ക്കുന്നത്. ഈ വര്‍ഷം നവംബറിലാണ് സ്‌കോഡ സ്ലാവിയയെ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്യുമ്പോള്‍ ഇടത്തരം സെഡാന്‍ സെഗ്മെന്റില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവരെ നേരിടും. 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും സ്‌കോഡ സ്ലാവിയയുടെ എക്സ് ഷോറൂം വില.
ചെക്ക് കാര്‍ നിര്‍മ്മാതാവിന്റെ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, സ്‌കോഡ സ്ലാവിയയ്ക്ക് 4,541 mm നീളവും 1,752 mm വീതിയും 1,487 mm ഉയരവും ഉണ്ട്. സ്‌കോഡ റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ സ്ലാവിയയ്ക്ക് 128 എംഎം നീളവും 53 എംഎം വീതിയും 21 എംഎം ഉയരവുമുണ്ട്. സ്‌കോഡ സ്ലാവിയയ്ക്ക് റാപ്പിഡിനേക്കാള്‍ 99 എംഎം നീളമുള്ള വീല്‍ബേസും കൂടുതല്‍ ക്യാബിന്‍ സ്‌പേസും വാഗ്ദാനം ചെയ്യുന്നു. ആദ്യ തലമുറ ഒക്ടാവിയയേക്കാള്‍ വലുതാണ് ഇത്. സ്‌കോഡ കുഷാക്കിനെ അപേക്ഷിച്ച് സ്ലാവിയയ്ക്ക് ഒരു സസ്‌പെന്‍ഷന്‍ സജ്ജീകരണം ലഭിക്കുമെന്ന് ആദ്യകാല പ്രോട്ടോടൈപ്പുകള്‍ വ്യക്തമാക്കിയിരുന്നു. കുഷാക്കിനെ അപേക്ഷിച്ച് സസ്പെന്‍ഷന്‍ കൂടുതല്‍ അനായാസമായിരിക്കും. തകര്‍ന്ന റോഡുകളിലൂടെ കൂടുതല്‍ സുഖപ്രദമായ സവാരി നടത്താം.
സ്‌കോഡ സ്ലാവിയയുടെ ഇന്റീരിയറില്‍ ഡ്യുവല്‍ സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ലഭിക്കുന്നു, അത് കുഷാക്ക് എസ്യുവിയിലും കാണാം. സെന്‍ട്രല്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കുഷാക്ക് എസ്യുവിയില്‍ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു. ഡ്യുവല്‍-ടോണ്‍ ഇന്റീരിയറില്‍ പിന്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ്, ഡിജിറ്റല്‍ കോക്ക്പിറ്റ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളും ഉണ്ട്.