ദില്ലി: പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ 54 കോടി രൂപ നഷ്ടപരിഹാരം തേടിയതോടെ വെട്ടിലായിരിക്കുകയാണ് ആക്സസ് മ്യൂച്ചൽ ഫണ്ട്. വിരേഷ് ജോഷി എന്ന മുൻ ജീവനക്കാരനാണ് കമ്പനിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അടുത്തയാഴ്ച കോടതി വാദം കേൾക്കും.മെയ് 20 നാണ് കമ്പനിയിൽ ചീഫ് ട്രേഡറും ഫണ്ട് മാനേജറുമായ ജോഷിയെ പിരിച്ചുവിട്ടത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി എന്നാണ് ആരോപണം എങ്കിലും കമ്പനി ഒന്നും വിശദീകരിക്കാതെയാണ് ജോഷിയെ പറഞ്ഞു വിട്ടത്. പിരിച്ചുവിടൽ നോട്ടീസ് അസാധുവാണെന്നും നഷ്ടപരിഹാരമായി 54 കോടി രൂപ നൽകണമെന്നുമാണ് ഇപ്പോൾ ജോഷിയുടെ അഭിഭാഷകർ ആവശ്യപ്പെടുന്നത്.
എന്നാൽ കമ്പനി ഇക്കാര്യത്തിൽ യാതൊരു വിശദീകരണവും നൽകിയിട്ടില്ല. പിരിച്ചു വിടുന്നതിനു മുൻപ് ജോഷിയെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ദീപക് അഗർവാളിനെയും കമ്പനി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് ഏജൻസികളെ വച്ച് ആക്സിസ് കമ്പനി അന്വേഷണം നടത്തിയിരുന്നു. കൂടുതൽ പേർ കമ്പനിയിലേക്ക് വന്ന ഫണ്ട് ഉപയോഗിച്ച് അനധികൃതമായി നേട്ടമുണ്ടാക്കി എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ എന്നാണ് വിവരം. എന്നാൽ കാരണം വ്യക്തമാക്കാതെയാണ് ജോഷിയെ പിരിച്ചുവിട്ടത്. ഇതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
സംഭവത്തിൽ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 2009 മുതൽ ജോഷി ഇവിടുത്തെ ജീവനക്കാരനായിരുന്നു.