തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി സിപിഎം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്ച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജൻ പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി.
എസ്എഫ്ഐ മാര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇൻ്റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്.
മോദിയെ സുഖിപ്പിക്കാൻ വേണ്ടിയാണ് രാഹുലിൻ്റെ ഓഫീസ് ആക്രമിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ദില്ലിയിൽ പ്രതികരിച്ചു. എസ്എഫ്ഐ അക്രമണത്തിന് പിന്നാലെ അവരെ സംരക്ഷിക്കാൻ സ്ഥലത്ത് എത്തി പൊലീസുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐയും വിഷയത്തിൽ കുടുങ്ങി.