തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പോലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നത്. ഇത് വളരെ ഗൗരവമേറിയതാണ്. സി പി എം തീക്കൊള്ളികൊണ്ട് തല ചൊറിയരുത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ കായികമായി നേരിട്ടത് ഇ പി ജയരാജനാണ്. എന്നിട്ട് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസ് എടുത്ത സർക്കാരിന്റെ വാദം തള്ളിക്കൊണ്ടാണു കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രവർത്തകർക്ക് ജാമ്യം നൽകിയത്. ആ നാണക്കേട് മറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തതെന്നും, ആക്രമിച്ച പ്രവർത്തകരെ ഗുണ്ടകളെന്ന് വിമർശിച്ച് ചെന്നിത്തല പറഞ്ഞു.
ഇതിനെല്ലാം സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്തേണ്ട പോലീസിലെ ഒരു വിഭാഗം കണ്ണടച്ചുകൊടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.