പാലക്കാട് : സംസ്ഥാനത്ത്, കള്ളുചെത്തു നടക്കുന്ന മുഴുവൻ തെങ്ങിൻതോപ്പുകളിലും ലൈസൻസികൾക്ക് റജിസ്റ്റർ നിർബന്ധമാക്കി. വ്യാജക്കള്ളു നിർമാണവും വിൽപനയും തടയാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് ഉത്തരവ്. റജിസ്റ്റർ സൂക്ഷിക്കാത്തവർക്കെതിരെ കേസെടുക്കാനും എക്സൈസ് വകുപ്പ് തീരുമാനിച്ചു.
വ്യാജക്കള്ള് ഇടപാടിൽ എക്സൈസിലെ ഒരു വിഭാഗം ‘സന്തോഷപ്പണ’മെന്ന പേരിൽ വൻതുക കൈക്കൂലി വാങ്ങുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ വകുപ്പുമന്ത്രിയും പിന്നീട് ശരിവച്ചു. വിവാദത്തിൽ എക്സൈസ് വിജിലൻസും ഇന്റലിജൻസ് സ്പെഷൽ ടീമും എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തോപ്പ് ലൈസൻസ് പുതുക്കൽ മുതൽ കള്ള് ഷാപ്പിൽ വിൽക്കുന്നതുവരെയുള്ള നടപടികൾ പരിശോധിക്കണമെന്നാണു നിയമമെങ്കിലും വർഷങ്ങളായി മിക്കയിടത്തും അതു നടക്കാറില്ല. തോപ്പുകൾ രാവിലെയും വൈകിട്ടുമാണ് ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടത്.
പുതിയ തീരുമാനമനുസരിച്ചു ലൈസൻസി തോപ്പിൽ സൂക്ഷിക്കുന്ന റജിസ്റ്ററിൽ തെങ്ങുകളുടെ എണ്ണം, അതിൽ നമ്പറുള്ളവ, ചെത്തുന്നവ, നൽകിയ നികുതിത്തുക, ലഭിക്കുന്ന കള്ള്, ഏതൊക്കെ സ്ഥലത്തേക്കു കള്ളു കൊണ്ടുപോകുന്നു, വാഹനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണം എന്നിവ ദിവസവും രേഖപ്പെടുത്തണം. പ്രിവന്റീവ് ഒാഫിസർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് ഇതു പരിശോധിക്കാനുള്ള ഉത്തരവാദിത്തം. വീഴ്ചയുണ്ടായാൽ ലൈസൻസിക്കെതിരെ കേസെടുത്ത് റിപ്പോർട്ട് ചെയ്യാനാണ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റെ നിർദേശം. ഉദ്യോഗസ്ഥർക്കിടയിലെ ഒത്തുകളി കണ്ടെത്താൻ കമ്മിഷണർ സ്ക്വാഡിന്റെ മിന്നൽ പരിശോധനയുമുണ്ടാകും.
പന, ചൂണ്ടപ്പന എന്നിവയുടെ ചെത്തിനും തീരുമാനം ബാധകമാണ്. ആറു മാസത്തിലൊരിക്കൽ കള്ളുപെർമിറ്റ് പുതുക്കുമ്പോൾ ചെത്തുമരങ്ങൾക്കു പ്രത്യേക നിറവും നൽകുന്നുണ്ട്. നിലവിൽ തെങ്ങിനു നീല, പനയ്ക്ക് വെള്ള എന്നിങ്ങനെയാണ് നിറം.