കൊച്ചി : ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐയുടെ വ്യാപക പരിശോധന. ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു രണ്ടു ദിവസമായി പരിശോധനകൾ നടക്കുന്നത്. മുതിർന്ന 6 സിബിഐ ഉദ്യോഗസ്ഥരാണു ദ്വീപിൽ ആദ്യമെത്തിയത്. ഇവരെ സഹായിക്കാൻ ഇന്നലെ 23 സിബിഐ ഉദ്യോഗസ്ഥരും കവരത്തിയിലെത്തി. ലക്ഷദ്വീപിലെ ഓഫിസുകളുമായി ബന്ധപ്പെട്ടു ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെയും ചില പരാതികളുടെയും പശ്ചാത്തലത്തിലാണു പരിശോധനയെന്നാണു സൂചന.
ഓഫിസുകളിലെത്തി മുൻ വർഷങ്ങളിലെയുൾപ്പെടെ ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരോടു ചോദ്യങ്ങൾ ചോദിക്കുകയുമാണു സിബിഐ സംഘം ചെയ്യുന്നത്.