മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് കത്തെഴുതി വിമത നേതാവ് ഏക‍്നാഥ് ഷിൻഡേ. 38 വിമത എംഎൽഎമാരുടെ കുടുംബാഗങ്ങൾക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചത് ചോദ്യം ചെയ്താണ് കത്തയച്ചത്. ഷിൻഡേക്ക് ഒപ്പമുള്ള എംഎൽഎമാരെല്ലാം കത്തിൽ ഒപ്പിട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഏക‍്‍നാഥ് ക്യാമ്പ് കത്തയച്ചിട്ടുണ്ട്. സുരക്ഷ പിൻവലിച്ചത് പ്രതികാര നടപടിയാണെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയിൽ വന്നാൽ കാണാം എന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവന ഭീഷണിയുടെ സ്വരത്തിലുള്ളതാണെന്നും ഏക‍്നാഥ് ക്യാമ്പ് കുറ്റപ്പെടുത്തി. സുരക്ഷ പിൻവലിക്കുന്നതിനോടൊപ്പം പാർട്ടി കേഡറ്റുകളെ ശിവസേന ഔദ്യോഗിക നേതൃത്വം ഇളക്കിവിടുകയാണ്. സുരക്ഷ പിൻവലിച്ചപ്പോൾ പഞ്ചാബിൽ അടക്കം ഉണ്ടായ അനുഭവങ്ങൾ ഓർക്കണമെന്നും എംഎൽഎമാർ ഒപ്പിട്ട കത്തിൽ ഷിൻഡേ ചൂണ്ടിക്കാട്ടി.
അതേസമയം സുരക്ഷ പിൻവലിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി. എംഎൽഎക്ക് കിട്ടുന്ന അതേ സുരക്ഷ കുടുംബാംഗങ്ങൾക്കും കിട്ടണം എന്ന് വാശി പിടിക്കരുത് എന്നും റാവത്ത് പ്രതികരിച്ചു. ഒരു എംഎൽഎയുടെയും സുരക്ഷ പിൻവലിക്കാൻ ഒരു ഉത്തരവും നൽകിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വൽസേ പാട്ടീലും വ്യക്തമാക്കി. സുരക്ഷ പിൻവലിച്ചെന്ന ആരോപണം കള്ളമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ ഷിൻഡേയുടെ തട്ടകമായ താനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ റാലികൾക്കും കൂട്ടായ്മകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.