തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എഫ്എഫ്ഐ നടപടിക്ക് പിന്നാലെ ബഫര്‍ സോൺ പ്രശ്നത്തിൽ സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ. കോടതി വിധി വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും തുടര്‍ നടപടികളുടെ കാര്യത്തിൽ സര്‍ക്കാരിന് അവ്യക്തത. ജൂൺ മുന്നിനാണ് വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് സുപ്രീം കോടതി വിധി വന്നത്.
അന്നുമുതൽ ഇന്നോളം സര്‍ക്കാരിന് ഇക്കാര്യത്തിലുള്ളത് വലിയ അവ്യക്തതയാണ്. പേരിനൊരു ഉന്നത തലയോഗം വിളിച്ചതല്ലാതെ പ്രത്യക്ഷ നടപടി ഒന്നും ഇതുവരെയുണ്ടായിട്ടില്ല. വനം മേധാവിയുടെ നേതൃത്വത്തിൽ വനം-റവന്യു-തദ്ദേശ ഭരണ വകുപ്പുകൾ സംയുക്ത സര്‍വെയും പഠനവും നടത്തുമെന്നും നിലപാട് അറിയിക്കാൻ മൂന്ന് മാസം അനുവദിച്ചിട്ടുണ്ടെന്നുമാണ് വനം മന്ത്രി പറയുന്നത്.
സുപ്രീംകോടതിയിൽ റിവ്യു ഹര്‍ജി നിലനിൽക്കുമോ അതോ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കണോ അതുമല്ലെങ്കിൽ ഉന്നതാധികാര സമിതിക്ക് മുന്നിൽ നേരിട്ട് എത്തണോ എന്ന കാര്യത്തിലൊന്നും തീരുമാനം ആയിട്ടില്ല, വനം മന്ത്രി എകെ ശശീന്ദ്രൻ, കേന്ദ്രം വനം മന്ത്രിയെ കാണാൻ പോകുമെന്ന് പറഞ്ഞതും നടന്നില്ല. സര്‍വ്വ കക്ഷി യോഗം വിളിക്കാൻ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന പ്രതിപക്ഷ ആരോപണത്തിനിടക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത തല യോഗം വിളിച്ചത്. ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കുമ്പോൾ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികൾ വിശദമായി ചര്‍ച്ച ചെയ്യും.
അതിനിടെ പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തും പാര്‍ലമെന്റിൽ പ്രശ്നം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ മറുപടിയും പുറത്ത് വന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ബഫർ സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച് തീരുമാനമെടുത്തത് 2019 ഒക്ടോബർ പത്തിലെ സംസ്ഥാന മന്ത്രിസഭാ യോഗം ആണെന്ന വിവരവും പുറത്തുവന്നിരുന്നു. ഇനി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നതും പിണറായി സർക്കാരിനു മാത്രമാണ് എന്നിരിക്കെയാണ് കേരളത്തിലും കേന്ദ്രത്തിലും അധികാരമില്ലാത്ത കോൺഗ്രസിന്റെ എം പി ഓഫീസ് എസ് എഫ് ഐ തകർത്തത്.