പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടില്‍ നിന്ന് വീണ ജോര്‍ജ് അടൂരിലെ ഫുട്‌ബാള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് പോകുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്.യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തിരുന്നു. മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന്‍റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണന്‍ ഉള്‍പ്പെടെയുള്ള നാലു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ഉള്‍പ്പെട്ടതായാണ് കോണ്‍ഗ്രസ് ആരോപണം. ക്രിമിനലുകളെ ഒപ്പം കൊണ്ടു നടക്കുന്ന മന്ത്രിയെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിക്ക് നേരേ പ്രതിഷേധം അരങ്ങേറിയത്.