പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ പുറത്താക്കി. എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറാണ് കെ.ആർ.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നൽ വേഗത്തിൽ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ പൊതുഭരണ വകുപ്പിന് കത്തു നൽകി. ഇക്കഴിഞ്ഞ വ്യാഴാഴ്ച നൽകിതായി പറയുന്ന കത്ത് ഇന്ന് ഉച്ചയ്ക്കാണ് പൊതുഭരണവകുപ്പിൽ കിട്ടിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി.
അവിഷിത്തിന് ആഭ്യന്തരവകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ് ഉടൻ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു. വ്യക്തിപരമായ കാണങ്ങളാൽ മാറി നിൽക്കുമ്പോഴും അവിഷിത്ത് രാജി കത്ത് നൽകുകയോ ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് പൊതുഭരണവകുപ്പിനെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഓഫീസ് ആക്രമണം വിവാദമായതിന് പിന്നാലെയായിരുന്നു തിടുക്കത്തിലുള്ള നടപടികള്‍. പക്ഷേ നേരെത്തെ തന്നെ നിർദ്ദേശം കൊടുത്തിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്ജ് അടൂരിൽ ഉച്ചയ്ക്ക് ശേഷം പ്രതികരിച്ചു.