ഗുവാഹത്തി : വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തുടരുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപെൻ കുമാർ ബോറ. അരക്കോടിയിൽ അധികം ജനങ്ങൾ സംസ്ഥാനത്ത് പ്രളയ കാരണം ദുരിതത്തിലാണ്. ഇതിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം കൂടി മലിനമാകാതെ ഏകനാഥ് ഷിൻഡെയും കൂട്ടരും എത്രയും പെട്ടെന്ന് സംസ്ഥാനം വിടണമെന്നും ബോറ പറഞ്ഞു.
പ്രളയം കാരണം ജനങ്ങൾ പൊറുതിമുട്ടുകയാണ്. നൂറിലധികം പേര്‍ മരിച്ചു , അരക്കോടിയിലധികം ജനങ്ങൾ പ്രളയ ബാധിതരാണ്. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ ഒന്നടങ്കം എംഎല്‍എമാരുടെ സംരക്ഷണത്തിനായി മെനക്കെടുന്നത്. റാഡിസൺ ബ്ലൂ ഹോട്ടൽ നിയമസഭയല്ല. എംഎല്‍എമാർ മഹാരാഷ്ട്ര നിയമസഭയിലേക്ക് പോകണം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം കൂടി മലിനമാക്കരുത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ എന്തിനാണ് ബിജെപി മന്ത്രി ദിവസവും ഹോട്ടലിൽ പോകുന്നത്. വിമാനത്താവളത്തിൽ എംഎല്‍എമാരെ സ്വീകരിക്കാനും പോകുന്നു. മുഖ്യമന്ത്രി ഹിമന്ത തന്നെയാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതെന്നും ബോറ പറഞ്ഞു.