തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സിഎമ്മിന്‍റെ മുന്നിൽ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ പരിഹാസം. ‘കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ? പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ!’- ശബരി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കായി പുതുതായി വാങ്ങുന്നത്. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം. ഒരു കിയ കാര്‍ണിവലും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.
എന്നാല്‍ 2022 ജനുവരിയില്‍ വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയ കാര്‍ വാങ്ങുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അതേസമയം നിലവില്‍ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. ഈ വാഹനങ്ങളും കഴിഞ്ഞ ജനുവവരിയിലാണ് വാങ്ങിയത്.
ശബരിനാഥന്‍റെ ഫേസ്ബുക്ക് കുറിപ്പ്
മുഖ്യമന്ത്രി ലേറ്റസ്റ്റ് മോഡൽ ഇന്നോവ ക്രിസ്റ്റ വാങ്ങിയത് ജനുവരി 2022ൽ. എന്തായാലും മാസം ആറ് കഴിഞ്ഞില്ലേ, ഇനി ഒരു പുതിയ കിയ കാർണിവല്‍ ആകാം, അതാണ് അതിന്റെ ഒരു മിഴിവ്! ഇതെല്ലാം അടങ്ങുന്ന വാഹനവ്യൂഹത്തിന്റെ ചിലവ് വെറും Rs 88,69,841 മാത്രം..
KSRTC ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ?വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ! എന്തായാലും ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ CMന്റെ മുന്നിൽ തോറ്റു പോകുമല്ലോ, അതു മതി.