കോഴിക്കോട്: എസ്എഫ്ഐ ആര്‍എസ്എസിന് വിടുപണി ചെയ്യുകയാണെന്ന് കെ എസ് യു ആരോപണം. എസ് എഫ് ഐ രാഹുൽ ഗാന്ധിയെ വേട്ടയാടുന്നത് ആർ എസ് എസിന് വിടുപണി ചെയ്യാനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കുഞ്ഞിരാമന്‍മാരെ കൊണ്ട് ചുടു ചോറ് വാരിക്കുകയാണെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് ആരോപിച്ചു. നാളെ കാമ്പസുകളിൽ കെ എസ് യു പ്രതിഷേധ ദിനം ആചരിക്കും.
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണം സംബന്ധിച്ച് എസ് എഫ് ഐ ആടിനെ പട്ടിയാക്കുകയാണ്. ബഫർ സോൺ വിഷയത്തിൽ എസ് എഫ് ഐ സമരം പ്രഹസനമാണ്. ആഭ്യന്തര മന്ത്രി അറിഞ്ഞാണ് ആക്രമണം നടന്നത്. എസ് എഫ് ഐ നേതൃത്വം അറിഞ്ഞില്ലെന്ന വാദം തൊണ്ട തൊടാതെ വിഴുങ്ങാനാവില്ല. അവര്‍ പറയുന്നത് വാസ്തവ വിരുദ്ധമാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ വധക്കേസിൽ ജയിലിൽ ആണ്. ഇതാണോ എസ് എഫ് ഐയുടെ മാന്യത. മാർച്ച് തുടങ്ങിയത് സി പി എം ഓഫീസിൽ നിന്നാണ്. എന്നിട്ടും ഇതേ കുറിച്ച് ഒരറിവുമില്ല എന്ന് പാര്‍ട്ടി പറയുന്നു. ഇനിയെങ്കിലും ഇവർ ഇത്തരം പ്രസ്താവന നടത്തരുത്. സി പി എം നേതൃത്വത്തിന്റെ അറിവോടെയാണ് എല്ലാം നടന്നത്.
സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊലീസ് മരവാഴകളായി. അതിന് ഡിജിപി മറുപടി പറയണം. പൊലീസ് അടിപ്പണി ചെയ്യുകയാണ്. പൊലീസിനെതിരെ ആഭ്യന്തര വകുപ്പ് നടപടി വേണം.യുവജന സംഘടനാ പ്രവർത്തകർ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവന സ്വന്തം പാർട്ടിയുടെ യുവജന സംഘടനകളെ കുറിച്ചാണ്. എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ ഉപയോഗിക്കുന്നുണ്ടാകാം. കെ എസ് യുക്കാർ ഉപയോഗിക്കാറില്ല. എസ് എഫ് ഐ – ഡി വൈ എഫ് ഐ സമ്പർക്കത്തിൽ നിന്ന് മനസിലാക്കിയ കാര്യം വച്ച് മറ്റ് സംഘടനകളും ലഹരി ഉപയോഗിക്കുന്നവരാന്നെന്ന് മന്ത്രി പറയരുത്.
ദേശാഭിമാനി ആക്രമിച്ചെന്നാരോപിച്ച് തനിക്കെതിര കേസ്സെടുത്തത് തെറ്റായ നടപടിയാണ്. താൻ ആക്രമിച്ചിട്ടില്ല. വയനാട്ടിൽ ചില പ്രവർത്തകർ വൈകാരികമായി പ്രതികരിച്ചപ്പോൾ അവരെ പിന്തിരിപ്പിക്കുക മാത്രമാണ് ചെയ്ത്. ചില മാധ്യമങ്ങൾ അതിന്റെ ദൃശ്യം ചിത്രീകരിച്ചിട്ടുണ്ട്. അത് പരിശോധിച്ചാൽ വസ്തുതയറിയാം. മലബാറിൽ പ്ലസ് വൺ സീറ്റ് കുറവാണ്. സർക്കാർ സീറ്റ് പെരുപ്പിച്ചു കാണിക്കുന്നു. കൂടുതല്‍ സീറ്റ് അനുവദിക്കണമെന്നും കെ എം അഭിജിത്ത് പറഞ്ഞു.