ദില്ലി: കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ അവസാന ഗാനം യു ട്യൂബിൽ നിന്ന് നീക്കി. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പഞ്ചാബും ഹരിയാനയും തമ്മിൽ തർക്കം നിലനിൽക്കുന്ന യമുന സത്ലജ് കാനൽ പദ്ധതിയെ അടക്കം പരാമർശിക്കുന്നതാണ് ഗാനം. രണ്ട് ദിവസം കൊണ്ട് 2.7 കോടി പേരാണ് ഗാനം കണ്ടത്.
കഴിഞ്ഞ മെയ് 29 നാണ് കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സർക്കാർ പിൻവലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എഎപി സർക്കാർ മനപൂർവ്വം സുരക്ഷ പിൻവലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.