നിലമ്പൂർ : നിലമ്പൂരിൽ 500 വർഷം പഴക്കമുള്ള ഭീമൻ ഈട്ടി തടി ലേലം 29ന് നടക്കും. ഇ ടെൻന്‍ഡറിൽ വാശിയേറിയ ലേലമാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. വനംവകുപ്പിന്റെ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ലേലത്തിന് ഒരുക്കിയ 500 വർഷം പ്രായമുള്ള ഈ ഭീമൻ ഈട്ടി തടിക്ക് 230 സെന്റീമീറ്റർ വീതിയും ഏഴു മീറ്ററിലധികം നീളവുമുണ്ട്. 1.75 ഘനമീറ്ററുള്ള ഒറ്റ തടിക്ക് നികുതി ഉൾപ്പെടെ 10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതി വിഭാഗത്തിൽപ്പെട്ട തടി കൂടിയാണിത്. കരുവാരകുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽ നിന്നുമെത്തിച്ചതാണ് ഈ ഈട്ടിത്തടി. കരുളായി റേഞ്ചിലെ എഴുത്തുകൽ പ്ലാന്റേഷനിൽ നിന്നും എത്തിച്ച ഈട്ടിത്തടികൾ ഉൾപ്പെടെ 170 ഘനമീറ്റർ ഈട്ടിത്തടികൾ ഡിപ്പോയിലുണ്ട്. ഈട്ടി മുത്തശിയെ സ്വന്തമാക്കാനായി നിരവധി പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനകം എത്തിയത്. അരുവാക്കോട് സെന്റര്‍ ഡിപ്പോയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പഴക്കമുള്ള ഈട്ടി തടി ലേലത്തിന് വെക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ 50,000 രൂപ മുൻകൂറായി അടക്കണം.