തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ താത്കാലികമായി ജോലി ചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് നട്ടുച്ചയ്ക്ക് സെക്രട്ടേറിയറ്റിനു മുന്നിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ച് സംയുക്ത കൂട്ടായ്മ. അവശതകൾക്കിടയിലും നീതി കിട്ടുംവരെ റോഡിൽ പ്രതിഷേധം തുടരാനാണ് തീരുമാനം. മൂവായിരത്തോളം ഭിന്നശേഷിക്കാരാണ് സ്ഥിര നിയമനം കാത്ത് സംസ്ഥാനത്തുള്ളത്.
കാല് വയ്യാത്തവർ മുതൽ ബധിരരും മൂകരും ആയവർ വരെ പ്രതിഷേധത്തിനെത്തിയിരുന്നു. എംപ്ലോയ്മെന്‍റ് വഴി 2004 മുതൽ താത്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ടവർക്ക് ഇത് അതിജീവന സമരമാണ്. റോഡ് ഉപരോധം റോഡിൽ കിടന്നുള്ള പ്രതിഷേധമായി. 2003 വരെ താത്കാലികമായി ജോലി ചെയ്ത എല്ലാ ഭിന്നശേഷിക്കാരേയും സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് 2013ൽ സ്ഥിരപ്പെടുത്തി. ഫെബ്രുവരി 28 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം നടത്തിയായിരുന്നു ആദ്യഘട്ട സമരം. കളക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം ഒരു മാസത്തിനകം പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. ഇത് നടപ്പാകാതെ വന്നതോടെയാണ് അവശതകൾ മറികടന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭിന്നശേഷിക്കാർ നീതി തേടി തെരുവിലിറങ്ങിയത്.
പൊതുനിയമനം നേടുന്നതിന് പ്രായപരിധി കഴിഞ്ഞവരും കൂലിവേല ചെയ്ത് ജീവിക്കാൻ ശേഷിയില്ലാത്തവരുമാണ് സമരരംഗത്തുള്ളത്.സംസ്ഥാനസർക്കാരിന്‍റെ 20 ലക്ഷം പേർക്ക് തൊഴിൽ നൽക്കുന്ന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയോ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചോ സ്ഥിരം നിയമനം നൽകണമെന്നാണ് ആവശ്യം.