തിരുവനന്തപുരം: ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കോടിയേരി ബാലകൃഷ്‍ണനാണ് അത് പറഞ്ഞതെങ്കില്‍ തിരിച്ച് ചോദിക്കില്ല. എന്നാല്‍ പൊലീസിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇത് പറയുന്നത്. പൊലീസ് സീന്‍ മഹസര്‍ പോലും എടുക്കാത്ത ഒരു സ്ഥലത്ത് നിന്ന് കോണ്‍ഗ്രസുകാരാണ് ഗാന്ധി ചിത്രം തല്ലി തകര്‍ത്തതെന്ന് ആരാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന് സതീശന്‍ ചോദിച്ചു.
എവിടെ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു കേസിന്‍റെ അന്വേഷണം നടക്കുമ്പോള്‍ ആ വിഷയത്തെകുറിച്ച് മുഖ്യമന്ത്രി അഭിപ്രായം നടത്തിയത് തികച്ചും അനൗചിത്യവും നിയമ വിരുദ്ധവുമാണ്. ഗാന്ധിയുടെ പടം തല്ലി തകര്‍ത്തത് എസ്എഫ്ഐക്കാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് എബ്രാഹമിന് ഇനി റിപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല സിപിഎമ്മുകാര്‍ വെട്ടിമാറ്റിയതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. ഗാന്ധി ഘാതകരെക്കാള്‍ കൂടുതല്‍ ഗാന്ധി നിന്ദ നടത്തുന്നവരല്ലേ സിപിഎം കാരെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.