ഇടുക്കി: ജില്ലയിൽ കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നു. ഹൈറേഞ്ചിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ദിവസം രണ്ട് തക്കാളിപ്പനി കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം. ജില്ലയിൽ തക്കാളിപ്പനിയെന്ന് സംശയിക്കുന്ന 142 കേസുകളും സ്ഥിരീകരിച്ച 24 കേസുകളും കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
സ്കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപനമുണ്ടായത്. കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ രോഗം വളരെ വേഗം പകരുന്നതും പല കുട്ടികൾക്ക് ഒരുമിച്ചു രോഗം വരുന്നതും സാധാരണമാണ്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിടരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. രോഗം പൂർണമായി മാറിയതിനുശേഷം മാത്രം പറഞ്ഞയയ്ക്കുക.
പനിക്കാലമാണ്, ജാഗ്രത വേണം ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. മൂന്നാഴ്ചയ്ക്കിടെ 5471 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിയാകുമ്പോൾ പനി ബാധിതരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെ വരും. കഴിഞ്ഞദിവസം പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. 12 പേർക്ക് എലിപ്പനി സംശയിക്കുന്നുമുണ്ട്.
ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന 29 കേസുകളും റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗങ്ങളെ തുടർന്നു ഒരാഴ്ചയ്ക്കിടെ ഇരുനൂറിലേറെപ്പേർ പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 10 പേർക്കു ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഇതിനെല്ലാം പുറമേ, ജില്ലയിൽ കോവിഡ് കേസുകളിലും വർധനയുണ്ട്. ഈ സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. വൈറസാണ് കാരണം. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും.
വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.