റിയാദ് : സൗദി അറേബ്യയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ജൂണ്‍ 29 ബുധനാഴ്ച വൈകിട്ട്, ദുല്‍ഖഅദ 30ന് വൈകിട്ട് ദുല്‍ഹജ് മാസത്തിലെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീംകോടതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്തുള്ള കോടതികളെ വിവരം അറിയിക്കണം.
സൗദി അറേബ്യയിലെ ബാങ്കുകൾ ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും.