കൊച്ചി : ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അ൦ഗീകരിച്ചില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹർജിയും വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ മെയിൽ വഴി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട 164 മൊഴിയുടയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് സ്വപ്‍നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. മുമ്പ് നാലുതവണ സ്വപ്‍ന സുരേഷ് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഡോളർക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് നൽകാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റപത്രം സമർപ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിർത്തിരുന്നു. ഗൂഢാലോചന കേസിൽ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ചും സ്വപ്‍നയോട് ആവശ്യപ്പെട്ടിരുന്നു.