മുംബൈ: ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമായി സഞ്ചരിച്ച ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷ (ഒഎൻജിസി)ന്റെ ഹെലികോപ്റ്റർ ലാൻഡിങ് നടത്താനുള്ള ശ്രമത്തിനിടെ അറബിക്കടലിൽ വീണു. ഒഎൻജിസിയുടെ മുംബൈ ഹൈയിലെ സാഗർ കിരൺ ഓയിൽ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ വീഴുകയായിരുന്നു.
ആറ് ഒഎൻജിസി ഉദ്യോഗസ്ഥരും, കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന ഒരു കരാറുകാരനും, പൈലറ്റുമാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. 9 പേരെയും രക്ഷപ്പെടുത്തിയതായി ഒഎൻജിസി അറിയിച്ചു. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്ളോട്ടേഴ്സ് ഉപയോഗിച്ച് ലാൻഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് കടലില്‍ വീണത്.