കാഠ്മണ്ഡു: നേപ്പാളിലെ ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ വ്യാപിക്കുന്ന സാഹചര്യത്തിൽ കാഠ്മണ്ഡുവിൽ പാനിപൂരി വിൽപ്പന നിരോധിച്ചു. പാനിപൂരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
കാഠ്മണ്ഡുവിൽ ഏഴു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 12 പേർക്കാണ് രാജ്യത്ത് കോളറ സ്ഥരീകരിച്ചത്. അതിനാൽ കൂടുതൽ വ്യാപനം തടയുന്നതിനായി തിരക്കേറിയ സ്ഥലങ്ങളിലുൾപ്പെടെ പാനി പൂരിവിൽപ്പന നിർത്താനുള്ള നടപടികൾ അധികൃതർ എടുത്തു തുടങ്ങി.രോഗബാധിതരായ ആളുകൾ ഇപ്പോൾ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കൽ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേർ രോഗമുക്തരായി ആശുപത്രി വിട്ടു.
രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കോളറയുടെ ഏതെങ്കിലും ലക്ഷണം അനുഭവപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. വയറിളക്കവും കോളറയും മറ്റ് ജലജന്യ രോഗങ്ങളും മഴക്കാലത്ത് പടരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.