ഷമ്മി തിലകനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ഫേസ്ബുക്കിലൂടെയാണ് നടി താരസംഘടനയായ ‘അമ്മ’ക്കെതിരെ രംഗത്തുവന്നത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാരെ പുറത്താക്കിയ നടപടി ദൗർഭാഗ്യകരമാണ്. ബലാൽസംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു സംഘടനയിൽ തുടരുകയുകയാണെന്നും ഇത് മാഫിയവൽക്കരണമാണെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
എം.എൽ.എമാരായ ഗണേഷ് കുമാറിനെതിരെയും മുകേഷിനെതിരെയും നടി രൂക്ഷ വിമർശനമുന്നയിച്ചിട്ടുണ്ട്. സംഘടനയിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ മണ്ഡലത്തിലെ സാധാരണക്കാർക്കുവേണ്ടി എന്താണു ചെയ്യുക എന്നും രഞ്ജിനി ചോദിച്ചു.കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡിയോഗത്തിൽ വിജയ്ബാബു പങ്കെടുത്തിരുന്നു. ബലാൽസംഗ കുറ്റാരോപിതനായ വിജയ്ബാബുവിനെ സംഘടനയിൽ നിന്നും എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന് മറ്റ് ക്ലബുകളൊന്നും വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലോ ‘അമ്മ’യും അതുപോലൊരു ക്ലബാണ് എന്ന ഇടവേള ബാബുവിന്‍റെ പ്രതികരണം വിവാദമായിരുന്നു. അതേസമയം ജനറൽ ബോഡി യോഗം ചിത്രീകരിച്ചതിന് ‘അമ്മ’യുടെ അച്ചടക്ക സമിതി ഷമ്മീതിലകന് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ ‘അമ്മ’ ഭാരവാഹികൾക്കെതിരെ ഷമ്മി തിലകൻ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.