തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് ചർച്ച ചെയ്യുന്നതിനിടെ ക്ഷുഭിതനായി പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സുദീർഘമായ മറുപടിയിൽ ഏറിയ പങ്കും ശാന്തനായി കാണപ്പെട്ട മുഖ്യമന്ത്രി, മകൾ വീണയ്‌ക്കെതിരെ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തിനു മറുപടി നൽകുമ്പോഴാണ് ക്ഷുഭിതനായത്. എങ്ങനെയും തട്ടിക്കളയാമെന്നാണ് കുഴൽനാടന്റെ വിചാരമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ‘‘അതിനു വേറെ ആളെ നോക്കണം’’ – മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രൈസ്‌വാട്ടർഹൗസ്കൂപ്പേഴ്സ് ഡയറക്ടർ മെന്ററാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വിശേഷിപ്പിച്ചതായി മാത്യു കുഴൽനാടൻ ചർച്ചയ്‌ക്കിടെ ആരോപിച്ചിരുന്നു.പച്ചക്കള്ളമാണ് കുഴൽനാടൻ പറയുന്നതെന്നും പിഡബ്ലിയുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. കുഴൽനാടനെതിരെ മുഖ്യമന്ത്രി നടത്തിയ ക്ഷുഭിത പരാമർശങ്ങൾ ഡെസ്കിലടിച്ചാണ് ഭരണകക്ഷി അംഗങ്ങൾ പിന്തുണച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ഇടയ്ക്ക് പ്രതിപക്ഷാംഗങ്ങളും ശബ്ദമുയർത്തി പ്രതിഷേധിച്ചു.