തിരുവനന്തപുരം: ഐടി പാർക്കുകളിലെ ജീവനക്കാർക്ക് വിനോദവേളകളിൽ മദ്യം വിതരണം ചെയ്യുന്നതിനു ഡെവലപേഴ്സിനും കോ ഡെവലപേഴ്സിനും മാത്രം അനുമതി നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനം. ബാർ നടത്തിപ്പുകാർക്ക് ഐടി പാർക്കുകളിൽ മദ്യം നൽകുന്നതിന് അനുമതിയുണ്ടാകില്ല. എക്സൈസ് തയാറാക്കിയ കരട് നിർദേശങ്ങൾ നിയമവകുപ്പിന്റെ പരിശോധനയ്ക്കുശേഷം എക്സൈസിലേക്കു തിരികെ നൽകി. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചശേഷം ചട്ടങ്ങൾ നിലവിൽവരും.
ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എൽ 4 സി എന്ന പേരിൽ പുതിയ ലൈസൻസ് നൽകാനാണ് തീരുമാനം. സർക്കാർ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പാർക്കുകളിൽ പ്രത്യേക സ്ഥലത്ത് സ്ഥാപിക്കുന്ന വിനോദ കേന്ദ്രത്തിൽ മദ്യശാല സ്ഥാപിക്കാം. ടെക്നോപാർക്കിന്റെ കാര്യമെടുത്താൽ ഡെവലപ്പർ ടെക്നോപാർക്കും കോ ഡെവലപ്പർമാർ കമ്പനികളുമാണ്. 10 ലക്ഷംരൂപ ഫീസ് ഈടാക്കാനായിരുന്നു എക്സൈസ് ശുപാർശ.
എന്നാൽ, ക്ലബ്ബ് ഫീസായ 20 ലക്ഷം ഈടാക്കാനാണ് പുതിയ തീരുമാനം. ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ഐടിപാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തിക്കാം. ക്ലബ്ബിന്റെയോ ബാറിന്റെയോ രൂപമല്ലാത്ത തരത്തിൽ പുതിയരൂപത്തിലാകും ഐടിപാർക്കുകളിലെ മദ്യശാലയുടെ പ്രവർത്തനം.
മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം. ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം. കമ്പനികൾക്കു ലൈസൻസ് ലഭിക്കാൻ നിശ്ചിത വാർഷിക വിറ്റുവരവ് വേണമെന്ന നിബന്ധനയില്ല. ബാർ എന്ന് എഴുതിയ ബോർഡ് വയ്ക്കണമെന്ന് എക്സൈസ് നിയമത്തിൽ പറയാത്തതിനാൽ എഫ്എൽ 4 സി എന്നു വിനോദകേന്ദ്രത്തിലെ ബോർഡിൽ രേഖപ്പെടുത്താം.