ജയ്പുർ : രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകത്തിന്‍റെ അന്വേഷണം എൻഐഎയ്ക്ക്. ഇത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻഐഎയ്ക്ക് നിർദ്ദേശം നൽകി. എൻഐഎ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. സംഘടനകളുടെയും അന്താരാഷ്ട്ര ബന്ധങ്ങളും അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന്‍റെ വിലാപയാത്ര ഉദയ്പൂരില്‍ തുടങ്ങി.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികൾ ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. അതേസമയം, രാജസ്ഥാനിൽ അതീവ ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടുരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകം നടന്ന മാൽദയിൽ മാത്രം നാല് കമ്പനി പ്രത്യേക പൊലീസ് സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
നൂപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ അക്രമികൾ വീഡിയോയും പുറത്തുവിട്ടിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. അതിനിടെ, കൊല്ലപ്പെട്ട കനയ്യ ലാൽ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി പരാതി നൽകിയിരുന്ന് പൊലീസ് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നപം കനയ്യ ലാലിന്‍റെ സമൂഹമാധ്യമ പോസ്റ്റിൽ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.