തിരുവനന്തപുരം : സ്വർണക്കടത്ത് ആക്ഷേപം അന്വേഷണത്തിലൂടെ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്ത് ആക്ഷേപങ്ങളിൽ ഒന്നിനു പോലുംമുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വർഗീയ വൽകരിച്ച് രക്ഷപ്പെടാനാണ് സർക്കാർ സഭയിൽ ശ്രമിച്ചത്. ആറൻമുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാൽ മറന്നുപോയ ബാഗ് കോൺസുൽ ജനറൽ വഴി കൊടുത്തയച്ചെന്ന് ശിവശങ്കർ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയിൽ വ്യക്തതയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നൽകുന്നു. വിജിലൻസ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.
മകൾക്കെതിരായ പരാമർശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാൽ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴൽനാടൻ അതിന് തെളിവ് നൽകി. ഇനി മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപിയെ സന്തോഷിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ച് തകർത്തു. സോണിയ ഗാന്ധിയെ കൂടി ആക്ഷേപിക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. യച്ചൂരി അടക്കമുള്ള നേതാക്കൾ കലാപ ബാധിതരെ കാണാമെന്ന വാക്ക് ലംഘിച്ച് അഹമ്മദാ ബാദിൽ നിന്ന് മുങ്ങി , ഇതാണ് സിപിഎം എന്നും വി ഡി സതീശൻ ആക്ഷേപിച്ചു.
20 മന്ത്രിമാരുണ്ടായിട്ടും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ഇടതുപക്ഷത്ത് നിന്ന് ആരും എത്താത്തത് അത്ഭുതപ്പെടുത്തി. മോദിയെ പിണക്കിയാൽ അന്വേഷണം ശക്തമാകുമെന്ന് ഭയന്നാണോ ഈ നീക്കം എന്ന് എന്ന് സർക്കാർ പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.