തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തെച്ചൊല്ലിയുണ്ടായ വാദപ്രതിവാദത്തിൽ വീണ്ടും പ്രതികരണവുമായി കെ.ബി. ഗണേഷ് കുമാർ. ഇടവേള ബാബുവിന്റെ പരാമർശം വിക്കിപീഡിയ നോക്കിയാണെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. ക്ലബിന്റെ ഇംഗ്ലിഷ് അർഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിനു മറുപടി കിട്ടിയിട്ടില്ല.
‘‘അതിജീവിത ഉന്നയിച്ച കാര്യങ്ങൾക്കു മറുപടി പറയുകയാണു വേണ്ടത്. വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ദിലീപ് വിഷയത്തിൽ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം’’– ഗണേഷ് കുമാര്‍ പ്രതികരിച്ചു.