ന്യൂഡൽഹി : രാജ്യത്തെ പുതിയ ഐടി നയങ്ങളും നിയമങ്ങളും അനുസരിക്കാൻ ട്വിറ്ററിന് ‘അന്ത്യശാസനം’ നൽകി കേന്ദ്ര സർക്കാർ. ജൂലൈ നാലോടെ മുൻകാല ഉത്തരവുകളെല്ലാം നടപ്പാക്കണമെന്നു കേന്ദ്രം ട്വിറ്ററിനു നോട്ടിസ് നൽകിയെന്നാണു റിപ്പോർട്ട്. ഐടി മന്ത്രാലയം പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണു നീക്കം.
‘ഇതുവരെ സർക്കാർ ഇറക്കിയ ഉത്തരവുകളെല്ലാം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ 27ന് ട്വിറ്ററിനു നോട്ടിസ് നൽകിയിട്ടുണ്ട്. ഈ മാസം ആദ്യവും നോട്ടിസ് നൽകിയെങ്കിലും ട്വിറ്റർ നടപടിയെടുത്തിരുന്നില്ല. ഇത് ഈ വിഷയത്തിൽ ട്വിറ്ററിനുള്ള അവസാന നോട്ടിസാണ്.’– സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇല്ലെങ്കിൽ ‘ഇന്റർമീഡിയറി പദവി’ നഷ്ടപ്പെടുമെന്നും ഉപയോക്താക്കളുടെ അധിക്ഷേപകരമായ കമന്റുകൾക്കു കമ്പനി ബാധ്യസ്ഥരാകുമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിനോടു പ്രതികരിക്കാൻ ട്വിറ്റർ തയാറായില്ല.
2021ൽ സർക്കാരിന്റെ അഭ്യർഥന പ്രകാരം ബ്ലോക്ക് ചെയ്ത 80ലേറെ ട്വിറ്റർ അക്കൗണ്ടുകളുടെയും ട്വീറ്റുകളുടെയും പട്ടിക കമ്പനി ജൂൺ 26ന് കൈമാറിയിരുന്നു. നയങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ‘അനന്തരഫലങ്ങള്‍’ ഉണ്ടാകുമെന്നു പലകുറി സർക്കാർ മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും ട്വിറ്റർ കൂസാക്കിയില്ല. നിയമത്തെചൊല്ലി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തതു വിവാദമായിരുന്നു.